Saturday, May 22, 2010

അമ്മ

ആശുപത്രിയുടെ ചുമരുകളില്‍ നിറയെ വിള്ളലുകളായിരുന്നു. ആ വിടവുകളില്‍ ആരുടെയൊക്കെയോ ദീര്‍ഘനിശ്വാസങ്ങള്‍ ഉറഞ്ഞുകൂടി നിന്നിരുന്നു.
അഛന്റെ ചെറുവിരല്‍ പിടിച്ച് കോണിപ്പടികള്‍ കയറുമ്പോള്‍ ആശുപത്രി മുറികളില്‍ തേങ്ങലുകള്‍ ദു:ഖസാന്ദ്രമായ ഒരു താളം തീര്‍ത്തുകൊണ്ടിരുന്നു.അഛന്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് എന്റെ കൈ പിടിച്ചു.എന്റെ കൈകളിലേക്കും ആ നനവ് പടര്‍ന്നു.
മുന്നില്‍ നീണ്ടു കിടന്ന ഇടനാഴിയുടെ അരികുകളില്‍ ചുവന്ന കസേരകള്‍ നിരന്നു കിടക്കുന്നുണ്ടായിരുന്നു.അതിലൊന്നില്‍ അച്ഛന്‍ ഇരുന്നു.അച്ഛന്റെ മടിയില്‍ ഞാനും.
എതിര്‍വശത്തിരുന്നിരുന്ന ചുവന്ന ഉടുപ്പില്‍ വെളുത്ത പുള്ളികളുള്ള പെണ്‍കുട്ടി വിടര്‍ന്ന കണ്ണുകളോടെ എട്ടുകാലിയുടെ വലയില്‍ പെട്ട പൂമ്പാറ്റയെ നോക്കുകയാണ്. പെട്ടെന്നവളെന്നെ തുറിച്ചു നോക്കി. കീറിയ ട്രൌസര്‍ മുട്ടിനു താഴേയ്ക്ക് വലിച്ചിറക്കിക്കൊണ്ട് ഇടനാഴിയുടെ ഇരുട്ടിലേയ്ക്ക് ഞാന്‍ കണ്ണുകളാഴ്ത്തി.
അച്ഛന്‍ ആശുപത്രിയിലെ പകുതി ചാരിയ വാതില്‍ പതുക്കെ തുറന്നുകൊണ്ട് ഇരുമ്പുകട്ടിലിനരികിലേയ്ക്ക് നീങ്ങി നിന്നു. പാതിയടഞ്ഞ മിഴികളോടെ അമ്മ കട്ടിലില്‍ ചുമരിന്റെ അരികു ചേര്‍ന്ന് കിടക്കുകയായിരുന്നു. അമ്മയുടെ ഉറക്കം പണ്ടും ഇങ്ങനെയാണ്. നീല നിറമുള്ള വലിയ കണ്‍പോളകള്‍ പകുതി തുറന്നുകൊണ്ട് അമ്മ ഉറങ്ങും. ഇല്ലെങ്കില്‍ അടുക്കളയില്‍ ദോശ കരിയും, ഉപ്പേരി അടിയില്‍ പിടിക്കും....
അമ്മ പതുക്കെ കണ്‍പോളകള്‍ തുറന്നു. വിളറി വെളുത്ത നീണ്ട വിരലുകള്‍ കൊണ്ട് എന്നെ ചുറ്റി പിടിചു. അമ്മയുടെ കൈകള്‍ക്ക് മഴയുടെ നനവ്, മഞ്ഞിന്റെ കുളിര്....
കിടക്കയില്‍ നിന്ന് ഞന്‍ ഞെട്ടിയുണര്‍ന്നു.

1 comment:

  1. Nandu..
    Let Me call you like so...
    I am a friend of your father.
    God blessed you with a good language.
    You can express something more than what you have in your mind. Please continue to write more...
    You will have a bright future!
    Bindulal Sir

    ReplyDelete

 ഇപ്പോൾ ഞാൻ മരിച്ചു പോവുകയാണെങ്കിൽ  നിന്നോട് പറയാൻ ഇരുന്ന വാക്കുകളൊക്കെ  മൗനത്തിന്റെ ഇരുണ്ട ആഴങ്ങളിൽ ചെന്നടിയും, തരാൻ ഇരുന്ന ചുംബനങ്ങളൊക്കെ ...