Saturday, January 18, 2025

 പ്രിയപ്പെട്ട മിലാൻ,


ദു:ഖമുണ്ടാവുമ്പോൾ മാത്രമേ നല്ല എഴുത്ത് എഴുതാൻ കഴിയൂ എന്ന് പണ്ടേ തോന്നിയിട്ടുണ്ട്. എന്താണ് ആ പ്രതിഭാസം? ദുഃഖം വരുമ്പോൾ നമ്മുടെ ശരീരത്തിലെ എഴുത്തിനു ഉത്തരവാദിത്തപ്പെട്ട ഏതോ ഒരു അദൃശ്യ അവയവം പെട്ടെന്ന് ഉണർന്നു പ്രവർത്തിക്കുന്നതാണോ? ദുഃഖം നമ്മുടെ ശരീരത്തിൽ എഴുതാൻ സഹായിക്കുന്ന എന്തോ ഹോർമോൺ നിര്മിക്കുന്നുണ്ടോ? ഇനി അതും പോട്ടെ, ഏറ്റവും അടിസ്ഥാനപരമായ ചോദ്യത്തിൽ നിന്ന് തന്നെ തുടങ്ങാം, എന്താണ് ദുഃഖം? ചുരുങ്ങിയത് എന്റെ ഇപ്പോഴത്തെ ദുഃഖമെന്താണ് എന്നെങ്കിലും എനിക്ക് ഈ വാക്കുകളിലൂടെ, എന്റെ ഭാഷയിലൂടെ നിന്നോട് പറയാൻ കഴിഞ്ഞാൽ അതിൽപരം സംതൃപ്തി വേറെ എന്ത്. പക്ഷെ അതല്ലേ അതിന്റെ പ്രശ്നം. അവിടെയല്ലേ അതിന്റെ പ്രശ്നം. അങ്ങനെ ഒരു ഭാഷയിലൂടെ നമുക് നമ്മുടെ ദുഃഖം എന്തെന്ന് കൃത്യമായി മറ്റൊരാളോട് സംവദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ലോകം ഇന്ന് ഈ വിധമായിപ്പോകുമായിരുന്നോ? അത് കഴിയാത്തത് കൊണ്ടാണല്ലോ നമ്മൾ ഇപ്പോഴും ചുറ്റുമുള്ളവരെയും നമ്മളെയും വേദനിപ്പിച്ചും, വിഷമിപ്പിച്ചും, കുത്തി നോവിച്ചും, കഴിഞ്ഞു പോവുന്നത്. ഞാൻ പറഞ്ഞു വരുന്നത് എന്താണെന്നു വെച്ചാൽ ദുഃഖകാരണമായ ഒരു സംഭവം ഉണ്ടാവുന്നു. ആ സംഭവം ഉണ്ടായത് കൊണ്ടാണോ ദുഃഖം എന്ന് ചോദിച്ചാൽ അത് മാത്രമല്ല. എന്റെ ദുഃഖം എന്തെന്ന്, എന്തുകൊണ്ട് എനിക്ക് വേദനിച്ചെന്ന്, നമ്മളെ അത്ര നാളും മനസിലാക്കി എന്ന് കരുതിയ ഒരാളോട്, പ്രിയപ്പെട്ട ഒരാളോട്, കൃത്യമായി പറഞ്ഞു ഫലിപ്പിക്കാൻ കഴിഞ്ഞില്ല. അതാണ് ദുഃഖകാരണമായ സംഭവത്തേക്കാൾ ദു:ഖദായകം. ഇനി ദുഖത്തിന്റെ കാര്യത്തിൽ മാത്രമല്ല, സന്തോഷമാണെങ്കിലും, ദേഷ്യമാണെങ്കിലും, പേരെടുത്ത് പറയാൻ ആവാത്ത എന്ത് തോന്നലുകൾ ആണെങ്കിലും ആ സങ്കീർണതകളെ പൂർണമായി ഉൾക്കൊള്ളാൻ നമ്മുടെ ഭാഷക്ക് ഒരുപക്ഷെ കഴിഞ്ഞെന്നു വരില്ല. ചുരുങ്ങിയത് എന്റെ ഭാഷയ്ക്ക്. ഇനി നാം പോലുമറിയാതെ ദുഃഖം നമ്മിൽ കിനിയിക്കുന്ന ഒരു ഭാഷയുണ്ട്. കവിതയാവാം, കഥയാവാം, കത്താവാം, ചിത്രമാവാം..ഒരുപക്ഷെ ആ ഭാഷക്ക് ദുഃഖത്തെ ആവാഹിക്കാനുള്ള കഴിവുണ്ടാവുമായിരിക്കും. അതുകൊണ്ടാവും "എനിക്ക് ഈ ദുഃഖം സഹിക്കാൻ കഴിയുന്നില്ല" എന്ന് കേൾക്കുന്നതിനേക്കാൾ "ദുഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖമെന്താനന്തമാണെനിക്കോമനെ" എന്ന് കേൾക്കുമ്പോൾ അതിന്റെ തീവ്രത നമുക് ബോധ്യപ്പെടുന്നത്. അല്ലെങ്കിൽ "ദുഃഖം എന്നെ ഒരു ഭ്രാന്തനാക്കി" എന്ന് വായിക്കുന്നതിനേക്കാൾ  "കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാൻ" എന്ന് വായിക്കുമ്പോൾ നമുക് ദുഖത്തിന്റെ പാരമ്യത്തിൽ ഒരാൾ ഉന്മാദിയും എഴുത്തുകാരിയും ആവുന്നത് അറിയാൻ സാധിക്കുന്നത്. ദുഃഖം വെറുതെ, ഒറ്റക്ക് അവിടെ അങ്ങനെ കയ്യും കെട്ടി നിൽക്കുകയല്ല. അതിനു ചുറ്റും നമ്മളെ നമ്മൾ ആക്കി തീർക്കുന്ന അനേകം, ഒരു കോടി, അതിലേറെ കാരണങ്ങൾ വിട്ടുപോരാത്ത വിധം പറ്റിപ്പിടിച്ച് നിൽക്കുന്നുണ്ട്. ആ കാരണങ്ങൾ ഓരോന്നും വേർതിരിച്ചെടുക്കുക എന്നത് മണലിൽ നിന്ന് ഉപ്പു വേർതിരിച്ചെടുക്കാൻ ശ്രമിക്കും പോലെയാണ്. കടലിന്റെ മണലിൽ ഉപ്പിനും മണലിനും ഒരേ രുചിയാണ്. ഒരേ നിറമാണ്. വേർതിരിച്ചെടുക്കാൻ ആകാത്ത വിധം മണൽ ഉപ്പിലും ഉപ്പു മണലിലും അലിഞ്ഞു ചേർന്നിട്ടുണ്ട്. ഒരുപക്ഷെ ഉപ്പിന്റെ ഓര്മ പോലുമാകാം മണൽ. ദുഖത്തെ കുറിച്ച് ഇത്രയൊന്നും പറയണമെന്ന് കരുതിയതല്ല. ഞാൻ എഴുതാൻ വന്നത് ഖസാക്കിന്റെ ഇതിഹാസത്തിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഭാഗത്തെക്കുറിച്ചാണ്. നിനക്കു അറിയുമല്ലോ. അത് തന്നെ. ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങിയ കഥ. രവി കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന സ്നേഹരാഹിത്യത്തിന്റെ കഥ. അത് ഭൂമിയിലെ ജീവന്റെ ചരിത്രമാണ്. മനുഷ്യന്റെ ചരിത്രമാണ്. നമ്മളെ നമ്മൾ ആക്കിയ ആകസ്മികതകളുടെ കഥയാണ്. സൃഷ്ടിയുടെ ആദ്യ സന്ധ്യയിൽ നടക്കാനിറങ്ങിയ രണ്ടു ജീവബിന്ദുക്കളിൽ ഒന്ന് ചേച്ചിയും മറ്റേത് അനുജത്തിയുമാണ്. കുറച്ച് നടന്നപ്പോൾ അവർ രണ്ടു പേർക്കും രണ്ടു വഴി നടക്കണമെന്നായി. പിരിയുന്ന നേരത്ത് ചേച്ചി അനുജത്തിയോട് ചോദിച്ചു, നീ എന്നെ മറക്കുമോ. ഇല്ലെന്നു അനുജത്തി പറഞ്ഞപ്പോൾ ചേച്ചി പറയുന്നുണ്ട് 'മറക്കുമെന്നു'. തുടർന്ന് കാഥികൻ കൂട്ടിച്ചേർക്കുന്നു, "ഇത് കര്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഖവും മാത്രമേയുള്ളു". ദുഖമാണ് സ്ഥായിയായിട്ടുള്ളത്. കുറച്ച് നേരം നാം അത് മറന്നിരിക്കുമ്പോൾ, അല്ലെങ്കിൽ ദുഃഖം അവിടെ മാറി നിക്കുമ്പോൾ, നമ്മൾ കരുതും ദുഃഖമെന്നൊന്നില്ലെന്ന്. പക്ഷെ നമ്മുടെ ഈ ജീവിതവും രവി കുട്ടികൾക്ക് പറഞ്ഞുകൊടുത്ത കഥയുടെ തുടർച്ച തന്നെ. ദുഖത്തിന്റെ കടലിനുള്ളിൽ ആണ് നാം ജീവിക്കുന്നത്. അതുകൊണ്ടാണ് നമ്മുടെ കണ്ണീരിനു ഉപ്പ്. നൂറു കോടി വർഷങ്ങൾക്ക് മുൻപ് നാം പന്തലാസ്സ എന്ന കൂറ്റൻ  സമുദ്രത്തിനുള്ളിൽ ഒഴുകി നടന്ന ജീവബിന്ദുക്കളാണ്. ഇപ്പോഴും നമ്മിൽ ആ ഉപ്പു ഉണ്ട്, ജീവന്റെ, അതിജീവനത്തിന്റെ സ്നേഹരഹിതമായ നിയമങ്ങളുണ്ട്, മൃതിയുടെ പുരാതന ദുഖമുണ്ട്. നമ്മൾ "പണ്ട് പണ്ട്, ഓന്തുകൾക്കും മുൻപ്, ദിനോസറുകൾക്കും മുൻപ്, ഒരു സായാഹ്നത്തിൽ നടക്കാനിറങ്ങിയ" അതേ ജീവബിന്ദുക്കൾ തന്നെ. 

No comments:

Post a Comment

 പ്രിയപ്പെട്ട മിലാൻ, ദു:ഖമുണ്ടാവുമ്പോൾ മാത്രമേ നല്ല എഴുത്ത് എഴുതാൻ കഴിയൂ എന്ന് പണ്ടേ തോന്നിയിട്ടുണ്ട്. എന്താണ് ആ പ്രതിഭാസം? ദുഃഖം വരുമ്പോൾ ന...