Saturday, January 18, 2025

 പ്രിയപ്പെട്ട മിലാൻ,


ദു:ഖമുണ്ടാവുമ്പോൾ മാത്രമേ നല്ല എഴുത്ത് എഴുതാൻ കഴിയൂ എന്ന് പണ്ടേ തോന്നിയിട്ടുണ്ട്. എന്താണ് ആ പ്രതിഭാസം? ദുഃഖം വരുമ്പോൾ നമ്മുടെ ശരീരത്തിലെ എഴുത്തിനു ഉത്തരവാദിത്തപ്പെട്ട ഏതോ ഒരു അദൃശ്യ അവയവം പെട്ടെന്ന് ഉണർന്നു പ്രവർത്തിക്കുന്നതാണോ? ദുഃഖം നമ്മുടെ ശരീരത്തിൽ എഴുതാൻ സഹായിക്കുന്ന എന്തോ ഹോർമോൺ നിര്മിക്കുന്നുണ്ടോ? ഇനി അതും പോട്ടെ, ഏറ്റവും അടിസ്ഥാനപരമായ ചോദ്യത്തിൽ നിന്ന് തന്നെ തുടങ്ങാം, എന്താണ് ദുഃഖം? ചുരുങ്ങിയത് എന്റെ ഇപ്പോഴത്തെ ദുഃഖമെന്താണ് എന്നെങ്കിലും എനിക്ക് ഈ വാക്കുകളിലൂടെ, എന്റെ ഭാഷയിലൂടെ നിന്നോട് പറയാൻ കഴിഞ്ഞാൽ അതിൽപരം സംതൃപ്തി വേറെ എന്ത്. പക്ഷെ അതല്ലേ അതിന്റെ പ്രശ്നം. അവിടെയല്ലേ അതിന്റെ പ്രശ്നം. അങ്ങനെ ഒരു ഭാഷയിലൂടെ നമുക് നമ്മുടെ ദുഃഖം എന്തെന്ന് കൃത്യമായി മറ്റൊരാളോട് സംവദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ലോകം ഇന്ന് ഈ വിധമായിപ്പോകുമായിരുന്നോ? അത് കഴിയാത്തത് കൊണ്ടാണല്ലോ നമ്മൾ ഇപ്പോഴും ചുറ്റുമുള്ളവരെയും നമ്മളെയും വേദനിപ്പിച്ചും, വിഷമിപ്പിച്ചും, കുത്തി നോവിച്ചും, കഴിഞ്ഞു പോവുന്നത്. ഞാൻ പറഞ്ഞു വരുന്നത് എന്താണെന്നു വെച്ചാൽ ദുഃഖകാരണമായ ഒരു സംഭവം ഉണ്ടാവുന്നു. ആ സംഭവം ഉണ്ടായത് കൊണ്ടാണോ ദുഃഖം എന്ന് ചോദിച്ചാൽ അത് മാത്രമല്ല. എന്റെ ദുഃഖം എന്തെന്ന്, എന്തുകൊണ്ട് എനിക്ക് വേദനിച്ചെന്ന്, നമ്മളെ അത്ര നാളും മനസിലാക്കി എന്ന് കരുതിയ ഒരാളോട്, പ്രിയപ്പെട്ട ഒരാളോട്, കൃത്യമായി പറഞ്ഞു ഫലിപ്പിക്കാൻ കഴിഞ്ഞില്ല. അതാണ് ദുഃഖകാരണമായ സംഭവത്തേക്കാൾ ദു:ഖദായകം. ഇനി ദുഖത്തിന്റെ കാര്യത്തിൽ മാത്രമല്ല, സന്തോഷമാണെങ്കിലും, ദേഷ്യമാണെങ്കിലും, പേരെടുത്ത് പറയാൻ ആവാത്ത എന്ത് തോന്നലുകൾ ആണെങ്കിലും ആ സങ്കീർണതകളെ പൂർണമായി ഉൾക്കൊള്ളാൻ നമ്മുടെ ഭാഷക്ക് ഒരുപക്ഷെ കഴിഞ്ഞെന്നു വരില്ല. ചുരുങ്ങിയത് എന്റെ ഭാഷയ്ക്ക്. ഇനി നാം പോലുമറിയാതെ ദുഃഖം നമ്മിൽ കിനിയിക്കുന്ന ഒരു ഭാഷയുണ്ട്. കവിതയാവാം, കഥയാവാം, കത്താവാം, ചിത്രമാവാം..ഒരുപക്ഷെ ആ ഭാഷക്ക് ദുഃഖത്തെ ആവാഹിക്കാനുള്ള കഴിവുണ്ടാവുമായിരിക്കും. അതുകൊണ്ടാവും "എനിക്ക് ഈ ദുഃഖം സഹിക്കാൻ കഴിയുന്നില്ല" എന്ന് കേൾക്കുന്നതിനേക്കാൾ "ദുഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖമെന്താനന്തമാണെനിക്കോമനെ" എന്ന് കേൾക്കുമ്പോൾ അതിന്റെ തീവ്രത നമുക് ബോധ്യപ്പെടുന്നത്. അല്ലെങ്കിൽ "ദുഃഖം എന്നെ ഒരു ഭ്രാന്തനാക്കി" എന്ന് വായിക്കുന്നതിനേക്കാൾ  "കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാൻ" എന്ന് വായിക്കുമ്പോൾ നമുക് ദുഖത്തിന്റെ പാരമ്യത്തിൽ ഒരാൾ ഉന്മാദിയും എഴുത്തുകാരിയും ആവുന്നത് അറിയാൻ സാധിക്കുന്നത്. ദുഃഖം വെറുതെ, ഒറ്റക്ക് അവിടെ അങ്ങനെ കയ്യും കെട്ടി നിൽക്കുകയല്ല. അതിനു ചുറ്റും നമ്മളെ നമ്മൾ ആക്കി തീർക്കുന്ന അനേകം, ഒരു കോടി, അതിലേറെ കാരണങ്ങൾ വിട്ടുപോരാത്ത വിധം പറ്റിപ്പിടിച്ച് നിൽക്കുന്നുണ്ട്. ആ കാരണങ്ങൾ ഓരോന്നും വേർതിരിച്ചെടുക്കുക എന്നത് മണലിൽ നിന്ന് ഉപ്പു വേർതിരിച്ചെടുക്കാൻ ശ്രമിക്കും പോലെയാണ്. കടലിന്റെ മണലിൽ ഉപ്പിനും മണലിനും ഒരേ രുചിയാണ്. ഒരേ നിറമാണ്. വേർതിരിച്ചെടുക്കാൻ ആകാത്ത വിധം മണൽ ഉപ്പിലും ഉപ്പു മണലിലും അലിഞ്ഞു ചേർന്നിട്ടുണ്ട്. ഒരുപക്ഷെ ഉപ്പിന്റെ ഓര്മ പോലുമാകാം മണൽ. ദുഖത്തെ കുറിച്ച് ഇത്രയൊന്നും പറയണമെന്ന് കരുതിയതല്ല. ഞാൻ എഴുതാൻ വന്നത് ഖസാക്കിന്റെ ഇതിഹാസത്തിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഭാഗത്തെക്കുറിച്ചാണ്. നിനക്കു അറിയുമല്ലോ. അത് തന്നെ. ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങിയ കഥ. രവി കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന സ്നേഹരാഹിത്യത്തിന്റെ കഥ. അത് ഭൂമിയിലെ ജീവന്റെ ചരിത്രമാണ്. മനുഷ്യന്റെ ചരിത്രമാണ്. നമ്മളെ നമ്മൾ ആക്കിയ ആകസ്മികതകളുടെ കഥയാണ്. സൃഷ്ടിയുടെ ആദ്യ സന്ധ്യയിൽ നടക്കാനിറങ്ങിയ രണ്ടു ജീവബിന്ദുക്കളിൽ ഒന്ന് ചേച്ചിയും മറ്റേത് അനുജത്തിയുമാണ്. കുറച്ച് നടന്നപ്പോൾ അവർ രണ്ടു പേർക്കും രണ്ടു വഴി നടക്കണമെന്നായി. പിരിയുന്ന നേരത്ത് ചേച്ചി അനുജത്തിയോട് ചോദിച്ചു, നീ എന്നെ മറക്കുമോ. ഇല്ലെന്നു അനുജത്തി പറഞ്ഞപ്പോൾ ചേച്ചി പറയുന്നുണ്ട് 'മറക്കുമെന്നു'. തുടർന്ന് കാഥികൻ കൂട്ടിച്ചേർക്കുന്നു, "ഇത് കര്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഖവും മാത്രമേയുള്ളു". ദുഖമാണ് സ്ഥായിയായിട്ടുള്ളത്. കുറച്ച് നേരം നാം അത് മറന്നിരിക്കുമ്പോൾ, അല്ലെങ്കിൽ ദുഃഖം അവിടെ മാറി നിക്കുമ്പോൾ, നമ്മൾ കരുതും ദുഃഖമെന്നൊന്നില്ലെന്ന്. പക്ഷെ നമ്മുടെ ഈ ജീവിതവും രവി കുട്ടികൾക്ക് പറഞ്ഞുകൊടുത്ത കഥയുടെ തുടർച്ച തന്നെ. ദുഖത്തിന്റെ കടലിനുള്ളിൽ ആണ് നാം ജീവിക്കുന്നത്. അതുകൊണ്ടാണ് നമ്മുടെ കണ്ണീരിനു ഉപ്പ്. നൂറു കോടി വർഷങ്ങൾക്ക് മുൻപ് നാം പന്തലാസ്സ എന്ന കൂറ്റൻ  സമുദ്രത്തിനുള്ളിൽ ഒഴുകി നടന്ന ജീവബിന്ദുക്കളാണ്. ഇപ്പോഴും നമ്മിൽ ആ ഉപ്പു ഉണ്ട്, ജീവന്റെ, അതിജീവനത്തിന്റെ സ്നേഹരഹിതമായ നിയമങ്ങളുണ്ട്, മൃതിയുടെ പുരാതന ദുഖമുണ്ട്. നമ്മൾ "പണ്ട് പണ്ട്, ഓന്തുകൾക്കും മുൻപ്, ദിനോസറുകൾക്കും മുൻപ്, ഒരു സായാഹ്നത്തിൽ നടക്കാനിറങ്ങിയ" അതേ ജീവബിന്ദുക്കൾ തന്നെ. 

Friday, May 3, 2024

മനാഫ്

  ഗവേഷണത്തിന്റെ  ഭാഗമായി എൻഡോസൾഫാൻ ബാധിതരെ കുറിച്ചും,  ജീവിപ്പിക്കാൻ എന്ന വ്യാജേന മനുഷ്യനെ കൊല്ലാതെ കൊല്ലുന്ന ഭരണകൂട ഭീകരതയെ കുറിച്ചും പഠിക്കാൻ, കൂടുതൽ അറിയാൻ വേണ്ടിയാണ് ഞാൻ കാസർഗോഡ് അമ്പലത്തറയിലുള്ള 'സ്‌നേഹവീട്' എന്ന  കൂട്ടായ്മയിൽ പോയത്. സ്‌നേഹവീട്  എൻഡോസൾഫാൻ ബാധിതരായ ആളുകൾക്ക് വേണ്ടിയുള്ള ഡേ  കെയർ സെന്റർ ആണ്. സ്നേഹവീടിന്റെ അഡ്മിനിസ്ട്രേറ്ററും , എൻഡോസൾഫാൻ പീഡിത  മുന്നണിയുടെ പ്രെസിഡന്റും ആയ മുനീസ ടീച്ചറോട്  സംസാരിച്ചിരിക്കുമ്പോൾ,അഞ്ചാറു വട്ടം മനാഫ് എന്ന 30-35 വയസ്സ് തോന്നിക്കുന്ന എൻഡോസൾഫാൻ ബാധിതനായ ഒരു ചെറുപ്പക്കാരൻ എന്റെ അടുത്ത് വന്നു എനിക്ക് മനസിലാക്കാൻ കഴിയാത്ത ഒരു ഭാഷയിൽ എന്തോ  പറഞ്ഞു. എന്റെ കൂടെ വന്നിരുന്ന അച്ഛൻ കേട്ടത്,  "അഞ്ഞുറുപ്യ തരുമോ, ബീഡ മേടിക്കാനാ", എന്നാണത്രെ. പിന്നീട് അച്ഛൻ എന്റെ അടുത്ത് വന്നു സ്വകാര്യമായി  പറയുകയും ചെയ്തു, "ആ ആളെ ഒന്ന് സൂക്ഷിക്കണേ, എന്റെ അടുത്തും വന്നു ബീഡ ചോദിച്ചു നേരത്തെ". ലഹരിമരുന്നുകളുടെ പ്രളയത്തിൽ മുങ്ങി താണു പോയ്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലെ ഏതൊരു രക്ഷിതാവിനും  ഉണ്ടാവുന്ന ആധി ആണ് അതെന്നു മനസിലാക്കി ഞാൻ ശരിയെന്നു തലയാട്ടി. 

പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, മനാഫ് നാലാം ക്ലാസ് വരെ മിടുക്കനായി പഠിച്ചിരുന്ന കുട്ടിയായിരുന്നു. ഒരു പനി വരികയാണുണ്ടായത്. അത് തലച്ചോറിൽ പഴുപ്പായി മാറി. അങ്ങനെ ബുദ്ധിപരമായ ഡിസബിലിറ്റീസ് ഉണ്ടായി. മനാഫ് ചോദിച്ചിരുന്നത്, "അഞ്ഞുറുപ്യടെ പേട വേടിച് തരുമോ?" എന്നായിരുന്നു. 


Sunday, April 21, 2024

'ഓർമ ജാലകം'

കുട്ടിമാമൻ മരിച്ചത് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ്. ആറു മാസത്തോളം നീണ്ട കീമോതെറാപ്പി സെഷന് ശേഷം ഒരു ദിവസം കുട്ടിമാമൻ പോയി. എല്ലാവരും ഒരുദിവസം പോവേണ്ടതാണ് എന്ന് എത്ര സ്വയം ആശ്വസിപ്പിച്ചാലും, മനുഷ്യരല്ലേ..വേദന ഒരു പെരുമ്പാമ്പിനെ പോലെ ചുറ്റി വരിഞ്ഞു കുറെയേറെ  നാളുകൾ. അതിന്റെ പിടി ഒന്നയഞ്ഞപ്പോൾ, ഞാനും രാമേന്ദ്രമ്മാമനും അച്ഛനും മേമയും ചേച്ചിയും കൂടെ ഒരു ദിവസം മെഡിക്കൽ കോളേജിലേക്ക് പോവാൻ തീരുമാനിച്ചു. ആശുപത്രിയിൽ നിന്ന ആറു മാസം കുട്ടിമാമനെ ചികില്സിക്കുകയും സ്നേഹിക്കുകയും ചെയ്ത ഒരുപാടു നഴ്സുമാർ ഉണ്ടായിരുന്നു. ഞങ്ങൾക്ക് ഉച്ചക്ക് കുടിക്കാൻ കഞ്ഞിയും കുറച്ച് ആശ്വാസ വാക്കുകളും ആയി വരാറുള്ള ഒരു താത്ത ഉണ്ടായിരുന്നു. ഐ സി യു വിന് മുന്നിൽ കാത്തിരിക്കുന്ന സമയത്തും രാത്രി അതിനു തൊട്ട്‌ അപ്പുറത്തായി രോഗികളുടെ കൂടെ വന്നവർക്ക് കിടക്കാൻ കെട്ടിയ ഷെഡിനുള്ളിൽ വെച്ചും മറ്റും സ്ഥിരം കാണാറുള്ള, സുഖ വിവരം അന്വേഷിക്കാറുള്ള, സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വെക്കാറുള്ള കുറെ ആളുകൾ  ഉണ്ടായിരുന്നു. ഒന്നും പറഞ്ഞില്ലെങ്കിലും ആ ആറുമാസക്കാലം വെറുതെ കണ്ടു മാത്രം പരിചയിച്ച വേറെയും മുഖങ്ങൾ ഉണ്ടായിരുന്നു. അവരെ ഒകെ ഒന്ന് കാണണം, രണ്ടു വാക്കിൽ നമ്മുടെ നന്ദിയും സ്നേഹവും പറയണം എന്നൊക്കെ കരുതിയായിരുന്നു ആ യാത്ര. മനുഷ്യർക്ക് കൊടുക്കാവുന്നതിൽ വെച്ച് ഏറ്റവും വിലയുള്ളത് അതിനൊക്കെ തന്നെയാണ്. ഇത്രയേ ഉള്ളു ജീവിതം എന്നും ഇത്രത്തോളം ഉണ്ട് മനുഷ്യർ എന്നുമെല്ലാം ഞാൻ പഠിച്ചത്, എന്നെ പഠിപ്പിച്ചത് ആ ആശുപത്രി ജീവിതമാണ്. 

ഡ്യൂട്ടിയിൽ അന്ന് ഉണ്ടായിരുന്ന നഴ്സുമാരെ കണ്ടു. അവർ നമ്മളെ ആശ്വസിപ്പിച്ചു. ഒരുപക്ഷെ നമ്മൾ അവരെയും. താത്തയെ അന്ന് കാണാൻ പറ്റിയില്ല. പരിചിതമായ ഇടനാഴികൾ. മുറികൾ. കുട്ടിമാമന്  ബ്ലഡ് കാൻസർ ആയിരുന്നു. എല്ലാ ദിവസവും രാവിലെ ആറരക്ക് രക്തം പരിശോധിക്കും. Platelets കുറവാണെങ്കിൽ പുതിയ മെഡിക്കൽ കോളേജിൽ പോയി അത് വാങ്ങണം. ഒരു പാക്കറ്റിൽ ആണ് അതുണ്ടാവുക. ചില ദിവസങ്ങളിൽ അത് വാങ്ങാൻ ഞാൻ പോവാറുണ്ടായിരുന്നു. ഒരു കുഞ്ഞിനെ പോലെ, ഒരുപക്ഷെ അതിലും ശ്രദ്ധിച്ച്, ഞാൻ ആ പാക്കറ്റുകൾ സൂക്ഷിച്ച് പിടിക്കും. ഏഴാം ക്ലാസ്സിൽ പഠിച്ചിട്ടുണ്ട്, platelets രക്തം കട്ട പിടിക്കാൻ സഹായിക്കുന്നു. പക്ഷെ അപ്പോൾ അറിയില്ലല്ലോ പത്തു വർഷങ്ങൾക്കിപ്പുറം എന്റെ ജീവിതത്തിൽ  അത് അത്രയും വിലപ്പെട്ട ഒരു വസ്തുവായി തീരുമെന്ന്. മെഡിക്കൽ കോളേജിലേക്കുള്ള വഴികൾ കണ്ടപ്പോൾ അതൊക്കെയും ഓർമ വന്നു. 

ഐ സി യു വഴി ആണ് ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയത്. അതിന്റെ മുന്നിൽ എത്തിയപ്പോൾ ഞങ്ങൾ എല്ലാവരും അറിയാതെ നിന്നു. ആ വരാന്തയുടെ അറ്റത്ത് ഉള്ള കസേരകളിൽ ആണ് ഞങ്ങൾ ഇരിക്കാറുള്ളത്. അന്ന് അവിടെ വേറെ ആരൊക്കെയോ ഇരുന്നിരുന്നു. കാത്തിരുന്ന് ആധി കൂടുമ്പോൾ ഇടക്ക് ഞങ്ങൾ കുട്ടിമാമൻ കിടക്കാറുള്ള ഭാഗത്തെ ജനൽ വഴി ഉള്ളിലേക്ക് നോക്കാറുണ്ടായിരുന്നു. ചിലപ്പോൾ ഒകെ തിരിച്ച് കുട്ടിമാമൻ നമ്മളെയും നോക്കും. അല്ലെങ്കിൽ ഉറങ്ങുകയായിരിക്കും. അതോർത്തപ്പോൾ ഞാൻ കുറച്ച്  നേരം അവിടെ നിന്നു. ബാക്കി എല്ലാവരും മുന്നോട്ട് നടന്നു. എനിക്ക് ഹൃദയത്തിൽ വല്ലാത്തൊരു വിങ്ങൽ തോന്നി. പണ്ടത്തെ പോലെ ഇപ്പോൾ ആ ജനലിലൂടെ നോക്കിയാൽ കുട്ടിമാമനെ കണ്ടാലോ. നോക്കണം, നോക്കണം, എന്ന് തോന്നി. പക്ഷെ ആ ചിന്ത എന്റെ യുക്തിയെ കീഴ്പെടുത്തും മുൻപ് ഞാൻ മുന്നോട്ട് വേഗത്തിൽ നടന്നു. കുട്ടിമാമനെ കാണാൻ എന്റെ ഓർമയുടെ ജനൽ മാത്രം മതി എന്ന് പോകെപ്പോകെ ഞാൻ അറിഞ്ഞു. 


Thursday, February 1, 2024

ഇപ്പോൾ ഞാൻ മരിച്ചു പോവുകയാണെങ്കിൽ 

നിന്നോട് പറയാനിരുന്ന വാക്കുകളൊക്കെയും, 

മൗനത്തിന്റെ ഇരുണ്ട ആഴങ്ങളിൽ ചെന്നടിയും,

തരാൻ ഇരുന്ന ചുംബനങ്ങളൊക്കെയും 

തനിച്ച് നിൽക്കുന്ന പൂവരശിന്റെ ചില്ലകളിൽ 

പൂക്കളായി വിടരും, 

നമ്മൾ ഒരുമിച്ച് കാണാൻ ഇരുന്ന സ്വപ്നങ്ങളൊക്കെയും 

രായ്ക്കു രാമാനം അഭയാർഥികളെ പോലെ 

പലായനം ചെയ്യും,

മറവിയുടെ മരുപ്പച്ചകളിലേക്ക്.

പിന്നെ പറയാം പിന്നെ പറയാം എന്ന് 

നിന്നെ കൊതിപ്പിച്ച ആ രഹസ്യം 

എന്റെ ഉള്ളിൽ നിന്ന് പുറത്തു കടക്കാനാവാതെ കരയും,

നിനക്കു പാടി തരാൻ കരുതിയ പാട്ട് 

നിലാവുള്ള രാത്രിയിൽ ഒരു പക്ഷിയായി മാറി 

നിന്റെ കിടപ്പുമുറിയുടെ ജനാലക്കൽ വന്നിരുന്നു പാടും.

മരിച്ചു കഴിഞ്ഞാലാവില്ലേ 

നിനക്കു എന്നോട് കൂടുതൽ സ്നേഹം?

Tuesday, January 17, 2023

ഒരു തോന്നൽ

ഇൻറർനെറ്റിൽ ഒരു കവിത തപ്പിയപ്പോൾ ചെന്നെത്തിപ്പെട്ടത് പണ്ട് ഞാൻ follow ചെയ്തിരുന്ന ഒരു ബ്ലോഗറിന്റെ ബ്ലോഗിലാണ്. അപ്പോഴാണ് എനിക്കും ഒരു കാലത്ത്  ബ്ലോഗ് എന്ന ഒന്ന് ഉണ്ടായിരുന്നു എന്ന ഓര്മയുടെ ചരടിൽ പിടിച്ച് ഞാൻ ടൈം ട്രാവെലിന് തയാറായത്. പാസ്സ്‌വേർഡ് എന്നോ മറന്നു കഴിഞ്ഞിരുന്നു. എന്നാലും ബ്ലോഗ് ഉണ്ടാക്കിയ സമയത് ഉപഗോഗിച്ചിരുന്ന ഇമെയിൽ ഐഡി ഏതാണെന്നും അതിന്റെ പാസ്സ്‌വേർട് എന്താണെന്നും ഓര്മയുണ്ടായിരുന്നതുകൊണ്ട് ഫോർഗോട് പാസ്സ്‌വേർഡ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു. ജിമെയിലിന്റെ ഇൻബോക്സിൽ സെറ്റ് യുവർ ന്യൂ പാസ്സ്‌വേർഡ് എന്ന നോട്ടിഫിക്കേഷൻ മിന്നി. അങ്ങനെ തിരിച്ചെടുത്ത എന്റെ ബ്ലോഗിൽ ഞാൻ പണ്ടെങ്ങോ എഴുതിയ എന്തൊക്കെയോ ഉണ്ടായിരുന്നു. എന്റെ എഴുത്തിന്റെ ഓര്മ എന്നെ  സുഖകരമായ ഒരു വല്ലായ്മയിൽ ആഴ്ത്തി. വൈകുന്നേരത്തെ വെളിച്ചം പോലെ ദുഖകരമായ ഏതോ ഓര്മയുടെ ചൂണ്ടയിൽ കൊത്തി ചോര കിനിയുന്നു. ഞാൻ തന്നെയാണോ ഇതൊക്കെ എഴുതിയത് എന്നൊരു അത്ഭുതം പൊടിമീനു കണക്കെ മിന്നി മറയുന്നു. ഇത്രയും കാലം എഴുതിയില്ലല്ലോ എന്ന കുറ്റബോധം നീരാളിയായി എന്നെ ഞെരിക്കുന്നു. എന്നാലും ആ വേദന പോലും എത്ര സുഖമുള്ളതാണ് എന്ന അമ്പരപ്പിൽ മുങ്ങിപ്പൊയ്ക്കൊണ്ടിരുന്ന ഞാൻ ജലപ്പരപ്പിലേക് കുതിക്കുന്നു. എന്റെ മേൽ മീൻ ചെതുമ്പലുകൾ, കുഞ്ഞു മീൻ ചിറക്, അടി വയറ്റിൽ വെള്ളി തിളക്കം.. എഴുത്ത് എന്നിൽ തന്നെയുണ്ട് എന്ന് എനിക്ക് തോന്നുന്നു. ഞാൻ ഒരു മീനാണെന്നും. 

ഒരോർമ

മഴവില്ലിന് അത്രയും ചെറിയ ആയുസ്സേ ഉള്ളു എന്ന് അന്നാണ് ഞങ്ങൾക്ക് മനസിലായത്. ഒരുപക്ഷെ അതിന്റെ നൈമിഷികതയായിരിക്കാം അതിനെ അത്രമേൽ ഭംഗിയുള്ളതാക്കുന്നത്. വൈകുനേരം പാടത്ത്  പുല്ലരിയുകയായിരുന്ന അച്ഛൻ ഓടി കിതച്ച് വീട്ടിലേക്കു വരുമ്പോൾ എന്നെയും അനിയനേയും മാറിമാറി വിളിക്കുന്നുണ്ടായിരുന്നു.  വളപ്പിലും മുറ്റത്തുമൊക്കെയായി പാമ്പിനെ ഇടക്ക് കാണാറുള്ളതുകൊണ്ട് എന്തോ അപകടമുണ്ടായി എന്ന് പേടിച്ച് ഞങ്ങൾ എന്താണെന്നു ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു, 'വേഗം വാ നല്ല ഒരു മഴവില്ല് ആകാശത്ത്'. വടക്കോറത്ത് ചെരുപ്പുകൾ ഒന്നുമില്ലായിരുന്നു.  ചെരുപ്പ് ഇടാതെ മുറ്റത്തേക്കു ഇറങ്ങാൻ മടിയായി. ഉമ്മറത്ത് നിന്ന് ഞാനും അമ്മയും അനിയനും ചെരുപ്പൊക്കെ എടുത്തു കൊണ്ടുവന്ന്  അതിട്ട് പാടത്തേക്കു ഓടിയപ്പോഴേക്ക് ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു കാണും. മഴവില്ലിന്റെ ഒരു മ പോലും ആകാശത്തു  ഇല്ലാതായി കഴിഞ്ഞിരുന്നു. അച്ഛന്റെ മുഖത്തു നിരാശ. 

"അപ്പഴേ ഞാൻ പറഞ്ഞില്ലേ ചെരുപ്പൊന്നും എടുക്കാൻ പോണ്ട അത് പോവും എന്ന്". 
ഞങ്ങൾക്കും സങ്കടം. മഴവില്ലു കാണാഞ്ഞത് കൊണ്ടല്ല. പക്ഷെ കണ്ടയുടനെ അതൊന്നു നോക്കി ആസ്വദിക്കാൻ പോലും നിൽക്കാതെ ഞങ്ങളെ കാണിക്കാൻ ആവേശത്തോടെ ഓടി വന്നതായിരിക്കണം അച്ഛൻ. ആകാശം പോലെ മങ്ങിയ മുഖത്തോടെ ഞങ്ങൾ കുറച്ച് നേരം കൂടെ പോയ മഴവില്ലു തിരിച്ച് വരുമോ എന്ന് നോക്കി നിന്നു..വെറുതെ. 
മഴവില്ലിന് അത്രയും ചെറിയ ആയുസേ ഉള്ളു എന്ന് അന്നാണ് ഞങ്ങള്ക് മനസിലായത്. 

Saturday, November 16, 2013

ജീവിതത്തിന്റെ വിരസതയാര്‍ന്ന വിജനമായ നീണ്ട ഇടനാഴിയുടെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിന്റെ ഒരു ചീളു പോലെ, നീല ആകാശത്തിന്റെ അതിരുകളില്‍ നിന്നും അടര്‍ന്നു വീണ ഒരു വെള്ളി മേഘശകലം പോലെ, കടല്‍തീരങ്ങളില്‍ ഇളംചൂടുള്ള മണല്‍ത്തരികളില്‍ മയങ്ങുന്ന വെളുത്ത ശംഖു കളുടെ ഉള്ളറകളിലെ തുടുപ്പു പോലെ, ഉച്ചയുടെ നിശബ്ദതയില്‍് വള്ളിപ്പടര്‍പ്പുകളില്‍ വിശ്രമിക്കുന്ന കാറ്റിന്റെ നനുത്ത നിശ്വാസങ്ങള്‍ പോലെ, അസ്തമയപ്പക്ഷികള്‍ ചേക്കേറുന്ന സന്ധ്യയുടെ ചുവന്ന കൊമ്പു പോലെ, നീ എന്റെ ഹൃദയത്തിന്റെ താളുകളില്‍ അക്ഷരങ്ങളായി മാറി ഉപ്പിന്റെ നനവ്‌ പകരുന്നു...

 പ്രിയപ്പെട്ട മിലാൻ, ദു:ഖമുണ്ടാവുമ്പോൾ മാത്രമേ നല്ല എഴുത്ത് എഴുതാൻ കഴിയൂ എന്ന് പണ്ടേ തോന്നിയിട്ടുണ്ട്. എന്താണ് ആ പ്രതിഭാസം? ദുഃഖം വരുമ്പോൾ ന...