Saturday, August 21, 2010

ഓ.....................ണം

ആഗോളകമ്പോള വല്‍ക്കരണത്തിന്റ ഭാഗമായി പൂക്കള്‍ വാങ്ങി പൂക്കളം തീര്‍ക്കണ്ട എന്നു പറഞ്ഞ മാഷിനോട് ചിലര്‍ പല്ലിറുമ്മിക്കൊണ്ട് പിറുപിറുത്തു. മറ്റു ചിലര്‍ പൂക്കള്‍ വാങ്ങാതെ എങ്ങിനെ പൂക്കളം തീര്‍ക്കും എന്ന ആശയക്കുഴപ്പത്തിലായിരുന്നു. ഒടുവിലാണ് എല്ലാവരും ചേര്‍ന്ന് ഈ വര്‍ഷം പൂക്കളം തീര്‍ക്കണ്ട എന്ന നിഗമനത്തിലെത്തിയത്. പിരിച്ചെടുത്ത കാശ് തിരിച്ചേല്‍പ്പിക്കുമ്പോള്‍ ലീഡറുടെ മുഖം ചുവന്നിരുന്നു. പൂക്കളത്തിന്റെ രൂപരേഖകള്‍ അടങ്ങിയ പുസ്തകങ്ങള്‍ പതിയെ ബാഗിനുള്ളിലേയ്ക്ക് പൂഴ്ത്തപ്പെട്ടു. നിലവിളക്കും തിരിയും കൊണ്ടുവരാമെന്നേറ്റവര്‍ എണ്ണ വറ്റിയ ചിരാതുകളെപ്പോലെ കെട്ടടങ്ങി. പട്ടികകള്‍ കൊണ്ട് വേര്‍ തിരിച്ച 10 ബി യിലേയ്ക്കും സി യിലേയ്ക്കും
പൂക്കളമൊരുക്കുന്നതിന്റെ പുറപ്പാടുകള്‍ കാണുവാന്‍ ഞങ്ങള്‍ ഒളിഞ്ഞു നോക്കി. അല്പം അസൂയയോടെ ഞങ്ങളവരെ നോക്കി നിന്നു. പിന്നീട് സ്വന്തം തിരക്കുകളിലേയ്ക്ക് ആവര്‍ത്തന വിരസതയുടെ വിജനമായ മണല്‍ പരപ്പുകളിലേയ്ക്ക് തല പൂഴ്ത്തി.
വൈകുന്നേരംസ്കൂള്‍വിട്ടപ്പോള്‍നാളെ‘ഉണ്ടാകാത്ത‘പൂക്കളത്തെക്കുറിച്ച്ഞാന്‍

വ്യാകുലപ്പെട്ടുകൊണ്ടിരുന്നു. വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് നനഞ്ഞ ഇടവഴികളുടെ മതിലരികുകളില്‍ നീല നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞു നില്‍ക്കന്നതു കണ്ടത്. അടുത്തു ചെന്നു നോക്കി കാക്കപ്പൂവാണെന്ന് ഊഹിച്ചു. അതിന്റെ മിനുത്ത ഇതളുകളില്‍ മഞ്ഞ നിറത്തിലുള്ള പൂമ്പൊടി ചിതറിക്കിടക്കുന്നു. വളരെ പതുക്കെ അവ പറിച്ചെടുത്തു.
വഴി നീളെ റോഡരികുകളില്‍ ചെണ്ടുമല്ലിപ്പൂക്കള്‍ നിരന്നു കഴിഞ്ഞിരുന്നു.

അവയ്ക്കരികില്‍ കറുത്ത പല്ലുകളും ചെമ്പന്‍ മുടിയുമുള്ള തമിഴന്മാര്‍ മലയാളത്തിന്റെ മണ്ണില്‍ അവരുടേതായ സംസ്കാരത്തിന്റെ അല്ലികള്‍ വിതറുവാന്‍ തക്കം പാര്‍ത്തിരുന്നു.മണ്ണില്‍ ഊട്ടിയുറപ്പിക്കപ്പെട്ടു പോന്ന സ്വന്തം ഭാഷയുടെയും ജീവിത ശൈലിയുടെയും അടിവേരുകള്‍ അറ്റുപൊകുമ്പൊള്‍ മണ്ണിന്റെ ആഴങ്ങളില്‍ പിത്രുക്കളുടെ കിടപ്പറകളില്‍ നിന്നും മരപ്പട്ടികളുടേതു പോലെ ആരൊ തേങ്ങിക്കരഞ്ഞു. യുഗങ്ങള്‍ക്കു മുമ്പ് ചതിയുടെ കയത്തില്‍ പെട്ട് നനഞ്ഞ മണ്ണിലേയ്ക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട നിഷ്കളങ്കമായ ഒരു ആത്മാവിന്റെ നിലവിളികളായിരുന്നുവൊ അത്?
വീടിന്റെ പടിക്കല്‍ എത്തിയപ്പോള്‍ ഒരു വസന്തം മുഴുവന്‍ വഴിമാറിപ്പോയതപോലെ മനസ്സ് ശൂന്യമായിരുന്നു. മുള്‍വേലി കവച്ചുവച്ച് കടന്നപ്പോഴാണ് മുളങ്കമ്പുകളില്‍ പടര്‍ന്നിരുന്ന വള്ളികളില്‍ പൂത്തു നിന്നിരുന്ന പൂക്കളെ കണ്ടത്. ജന്മവാസനയെന്ന വണ്ണം മൂക്ക് അവയോടടുപ്പിച്ചു. നിര്‍വികാരത മാത്രം സമ്മാനിചു കൊണ്ട് അവ ചിണുങ്ങി നിന്നു.
വേലിയരികുകളിലെ പൂക്കള്‍ ചില മനുഷ്യ ജീവിതങ്ങളെ ഓര്‍മിപ്പിച്ചു.ഇറുക്കപ്പെടാതെ,ശുശ്രൂഷിക്കപ്പെടാതെ, ശ്രദ്ധിക്കപ്പെടാതെ കാലത്തിന്റെ കൈകളില്‍ അവയും വിടരുന്നു......അടരുന്നു.....സൌന്ദര്യവും സുഗന്ധവും ഇല്ലെങ്കിലും അവയും പൂവുകള്‍ തന്നെ. അകലെ മുറ്റത്ത് വാടിയ പവിഴമല്ലികള്‍ ചിതറിക്കിടന്നിരുന്നു.അവയുടെ ഞെട്ടുകള്‍ക്ക് സന്ധ്യയുടെ നിറമാണ്. പണ്ട് പവിഴമല്ലികള്‍ വാഴനാരില്‍ കൊരുത്ത് എന്റെ ദുര്‍ബലമായ മുടിയിഴകള്‍ മറച്ചുകൊണ്ട്
മുത്തശ്ശി മുടിയില്‍ ചൂടിത്തരുമാ‍യിരുന്നു. വാടിവീണ പവിഴമല്ലികള്‍ പരിഭവിച്ചിരുന്നുവൊ?!!
അകലെ കാട്ടുമുല്ലകള്‍വിടരാന്‍ വെമ്പിക്കൊണ്ട് വള്ളിപ്പടര്‍പ്പുകളിലെവിടെയൊ കുരുങ്ങിക്കിടന്നു. തൊടിയില്‍ കാക്കപ്പൂവും കണ്ണാന്തളിയും കണ്ണെഴുതി കാത്തിരുന്നിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ‘ഞങ്ങളെ മറന്നുവൊ?’ എന്ന ഭാവത്തോടെ അവ നിന്നു. കളിക്കൂട്ടുകാരിയുടെ പരിഭവം നിറഞ്ഞ ചോദ്യത്തിനു മുന്നില്‍ തല കുനിച്ച് നില്‍ക്കുന്ന ഒരു തെറ്റുകാരിയെപ്പോലെ ഞാന്‍ പരുങ്ങി. പിടിച്ചു നില്‍ക്കാനാവാതെ പതിയെ ഞാന്‍ പിന്‍ വാങ്ങുമ്പോള്‍ മതിലരികുകളിലെ തൊട്ടാവാടിപ്പൂക്കള്‍ ഇളം കാറ്റിലും ഇളകിക്കൊണ്ട് പങ്കു വയ്ക്കാനാവാത്ത ഏതോ സ്മരണകളില്‍
പുളകിതരായി നിന്നു.

Tuesday, May 25, 2010

സഹ്യന്റെ മകന്‍


അവന്‍ തന്റെ ഇത്തിരിപ്പോന്ന കണ്ണുകള്‍ ആകാശത്തിന്റെ അനന്തതയിലേയ്ക്ക് നട്ടുകൊണ്ട് ചങ്ങലകളില്‍ ബന്ധിതനായി അമ്പലമുറ്റത്തെ നിലാവ് തളം കെട്ടി നിന്ന ആലിന്‍ തറയില്‍ തലയെടുപ്പോടെ നിന്നു. തനിക്കു ചുറ്റും മതിലുകളാണ്. അദിര്‍ശ്യമെങ്കിലും അവഗണിക്കാനാവാത്തവ. സ്വാതന്ത്ര്യത്തിന്റെ അവ്യക്തമായ അഭിലാഷങ്ങള്‍ ഉദ്ദീപിക്കുമ്പോള്‍ അവന്‍ പലപ്പോഴും മുന്നോട്ടയാറുണ്ട്. പക്ഷേ തനിക്കു പിന്നില്‍ വലിയുന്ന ചങ്ങലകള്‍, സ്വാതന്ത്ര്യത്തിന്റെ തീവ്രവും അഗാധവുമായ ആഗ്രഹങ്ങളെ വരിഞ്ഞുകെട്ടും.തനിക്കു ചുവടെയായി മസ്തിഷ്കത്തില്‍ മദ്യത്തന്റെ മത്തേറ്റ് മയങ്ങിക്കിടക്കുന്ന മനുഷ്യര്‍ക്കു നേരെ അവന്റെ കാലുകള്‍ പല തവണ ഉയര്‍ന്നതാണ്. പക്ഷേ അന്നേരം അവന്റെ കണ്ണുകള്‍ ജലര്‍ദ്രമാവും.അകലെആകാശത്തിലെനരച്ചമേഘച്ചീളുകള്‍ക്കിടയിലൂടെ ഉതിര്‍ന്നുവീഴുന്ന വിളി അവനെ സ്പര്‍ശിക്കും. പതിയെ അവന്റെ കണ്ണുകളും തുമ്പിക്കൈയും മേല്പോട്ടുയരും. ആകാശത്ത് തെളിഞ്ഞു നില്‍ക്കുന്ന ചന്ദ്രക്കലയും അതിനുള്ളില്‍ നിന്നു ചിന്നം വിളിക്കുന്ന ഒരമ്മയാനയും അവന്റെ കൊച്ചുകണ്ണുകളില്‍ ഒതുങ്ങി നില്‍ക്കും. അകാലത്തിലെവിടെയോ
അലിഞ്ഞുപോയ ഒരമ്മച്ചൂടിന്റെ നിറമാര്‍ന്ന നക്ഷത്രങ്ങള്‍ അവനിലേക്ക് പൊലിയും. ആവര്‍ത്തന
വിരസതയോടെ അവന്‍ വീണ്ടും ചിന്നം വിളിക്കും....വിളികള്‍ക്കായി കാതോര്‍ക്കും.

Saturday, May 22, 2010

ഉരുളുന്ന ഉപദേശം


അമ്മു മലയാളം നോട്ടുപുസ്തകം അടച്ചു വെച്ചു. ഉരുട്ടിയെഴുതണമെന്ന അമ്മയുടെ വാക്കുകള്‍ക്ക്

കൊച്ചുകൈകള്‍ വഴങ്ങുന്നതേയുള്ളൂ. പിറ്റേന്ന് സ്കൂളില്‍ നിന്ന് പുസ്തകം നിവര്‍ത്തിയപ്പോള്‍ അക്ഷരങ്ങള്‍

കാണാനില്ല. അവ ഉരുണ്ടുവീണതാ താഴെ കിടക്കുന്നു. കൈകളില്‍ ചൂരല്‍ വീണതും അതു

പോലെയഅയിരുന്നു.ഉരുണ്ടു വീണ ഉപദേശത്തിന്റെ കയ്പും നേരെ വീണ ചൂരലിന്റെ മധുരവും നുണയുമ്പോള്‍

അവ തന്നെ നോക്കിച്ചിരിക്കുന്നതു പോലെ....

അമ്മ

ആശുപത്രിയുടെ ചുമരുകളില്‍ നിറയെ വിള്ളലുകളായിരുന്നു. ആ വിടവുകളില്‍ ആരുടെയൊക്കെയോ ദീര്‍ഘനിശ്വാസങ്ങള്‍ ഉറഞ്ഞുകൂടി നിന്നിരുന്നു.
അഛന്റെ ചെറുവിരല്‍ പിടിച്ച് കോണിപ്പടികള്‍ കയറുമ്പോള്‍ ആശുപത്രി മുറികളില്‍ തേങ്ങലുകള്‍ ദു:ഖസാന്ദ്രമായ ഒരു താളം തീര്‍ത്തുകൊണ്ടിരുന്നു.അഛന്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് എന്റെ കൈ പിടിച്ചു.എന്റെ കൈകളിലേക്കും ആ നനവ് പടര്‍ന്നു.
മുന്നില്‍ നീണ്ടു കിടന്ന ഇടനാഴിയുടെ അരികുകളില്‍ ചുവന്ന കസേരകള്‍ നിരന്നു കിടക്കുന്നുണ്ടായിരുന്നു.അതിലൊന്നില്‍ അച്ഛന്‍ ഇരുന്നു.അച്ഛന്റെ മടിയില്‍ ഞാനും.
എതിര്‍വശത്തിരുന്നിരുന്ന ചുവന്ന ഉടുപ്പില്‍ വെളുത്ത പുള്ളികളുള്ള പെണ്‍കുട്ടി വിടര്‍ന്ന കണ്ണുകളോടെ എട്ടുകാലിയുടെ വലയില്‍ പെട്ട പൂമ്പാറ്റയെ നോക്കുകയാണ്. പെട്ടെന്നവളെന്നെ തുറിച്ചു നോക്കി. കീറിയ ട്രൌസര്‍ മുട്ടിനു താഴേയ്ക്ക് വലിച്ചിറക്കിക്കൊണ്ട് ഇടനാഴിയുടെ ഇരുട്ടിലേയ്ക്ക് ഞാന്‍ കണ്ണുകളാഴ്ത്തി.
അച്ഛന്‍ ആശുപത്രിയിലെ പകുതി ചാരിയ വാതില്‍ പതുക്കെ തുറന്നുകൊണ്ട് ഇരുമ്പുകട്ടിലിനരികിലേയ്ക്ക് നീങ്ങി നിന്നു. പാതിയടഞ്ഞ മിഴികളോടെ അമ്മ കട്ടിലില്‍ ചുമരിന്റെ അരികു ചേര്‍ന്ന് കിടക്കുകയായിരുന്നു. അമ്മയുടെ ഉറക്കം പണ്ടും ഇങ്ങനെയാണ്. നീല നിറമുള്ള വലിയ കണ്‍പോളകള്‍ പകുതി തുറന്നുകൊണ്ട് അമ്മ ഉറങ്ങും. ഇല്ലെങ്കില്‍ അടുക്കളയില്‍ ദോശ കരിയും, ഉപ്പേരി അടിയില്‍ പിടിക്കും....
അമ്മ പതുക്കെ കണ്‍പോളകള്‍ തുറന്നു. വിളറി വെളുത്ത നീണ്ട വിരലുകള്‍ കൊണ്ട് എന്നെ ചുറ്റി പിടിചു. അമ്മയുടെ കൈകള്‍ക്ക് മഴയുടെ നനവ്, മഞ്ഞിന്റെ കുളിര്....
കിടക്കയില്‍ നിന്ന് ഞന്‍ ഞെട്ടിയുണര്‍ന്നു.

 ഇപ്പോൾ ഞാൻ മരിച്ചു പോവുകയാണെങ്കിൽ  നിന്നോട് പറയാൻ ഇരുന്ന വാക്കുകളൊക്കെ  മൗനത്തിന്റെ ഇരുണ്ട ആഴങ്ങളിൽ ചെന്നടിയും, തരാൻ ഇരുന്ന ചുംബനങ്ങളൊക്കെ ...