Friday, May 3, 2024

മനാഫ്

  ഗവേഷണത്തിന്റെ  ഭാഗമായി എൻഡോസൾഫാൻ ബാധിതരെ കുറിച്ചും,  ജീവിപ്പിക്കാൻ എന്ന വ്യാജേന മനുഷ്യനെ കൊല്ലാതെ കൊല്ലുന്ന ഭരണകൂട ഭീകരതയെ കുറിച്ചും പഠിക്കാൻ, കൂടുതൽ അറിയാൻ വേണ്ടിയാണ് ഞാൻ കാസർഗോഡ് അമ്പലത്തറയിലുള്ള 'സ്‌നേഹവീട്' എന്ന  കൂട്ടായ്മയിൽ പോയത്. സ്‌നേഹവീട്  എൻഡോസൾഫാൻ ബാധിതരായ ആളുകൾക്ക് വേണ്ടിയുള്ള ഡേ  കെയർ സെന്റർ ആണ്. സ്നേഹവീടിന്റെ അഡ്മിനിസ്ട്രേറ്ററും , എൻഡോസൾഫാൻ പീഡിത  മുന്നണിയുടെ പ്രെസിഡന്റും ആയ മുനീസ ടീച്ചറോട്  സംസാരിച്ചിരിക്കുമ്പോൾ,അഞ്ചാറു വട്ടം മനാഫ് എന്ന 30-35 വയസ്സ് തോന്നിക്കുന്ന എൻഡോസൾഫാൻ ബാധിതനായ ഒരു ചെറുപ്പക്കാരൻ എന്റെ അടുത്ത് വന്നു എനിക്ക് മനസിലാക്കാൻ കഴിയാത്ത ഒരു ഭാഷയിൽ എന്തോ  പറഞ്ഞു. എന്റെ കൂടെ വന്നിരുന്ന അച്ഛൻ കേട്ടത്,  "അഞ്ഞുറുപ്യ തരുമോ, ബീഡ മേടിക്കാനാ", എന്നാണത്രെ. പിന്നീട് അച്ഛൻ എന്റെ അടുത്ത് വന്നു സ്വകാര്യമായി  പറയുകയും ചെയ്തു, "ആ ആളെ ഒന്ന് സൂക്ഷിക്കണേ, എന്റെ അടുത്തും വന്നു ബീഡ ചോദിച്ചു നേരത്തെ". ലഹരിമരുന്നുകളുടെ പ്രളയത്തിൽ മുങ്ങി താണു പോയ്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലെ ഏതൊരു രക്ഷിതാവിനും  ഉണ്ടാവുന്ന ആധി ആണ് അതെന്നു മനസിലാക്കി ഞാൻ ശരിയെന്നു തലയാട്ടി. 

പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, മനാഫ് നാലാം ക്ലാസ് വരെ മിടുക്കനായി പഠിച്ചിരുന്ന കുട്ടിയായിരുന്നു. ഒരു പനി വരികയാണുണ്ടായത്. അത് തലച്ചോറിൽ പഴുപ്പായി മാറി. അങ്ങനെ ബുദ്ധിപരമായ ഡിസബിലിറ്റീസ് ഉണ്ടായി. മനാഫ് ചോദിച്ചിരുന്നത്, "അഞ്ഞുറുപ്യടെ പേട വേടിച് തരുമോ?" എന്നായിരുന്നു. 


Sunday, April 21, 2024

'ഓർമ ജാലകം'

കുട്ടിമാമൻ മരിച്ചത് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ്. ആറു മാസത്തോളം നീണ്ട കീമോതെറാപ്പി സെഷന് ശേഷം ഒരു ദിവസം കുട്ടിമാമൻ പോയി. എല്ലാവരും ഒരുദിവസം പോവേണ്ടതാണ് എന്ന് എത്ര സ്വയം ആശ്വസിപ്പിച്ചാലും, മനുഷ്യരല്ലേ..വേദന ഒരു പെരുമ്പാമ്പിനെ പോലെ ചുറ്റി വരിഞ്ഞു കുറെയേറെ  നാളുകൾ. അതിന്റെ പിടി ഒന്നയഞ്ഞപ്പോൾ, ഞാനും രാമേന്ദ്രമ്മാമനും അച്ഛനും മേമയും ചേച്ചിയും കൂടെ ഒരു ദിവസം മെഡിക്കൽ കോളേജിലേക്ക് പോവാൻ തീരുമാനിച്ചു. ആശുപത്രിയിൽ നിന്ന ആറു മാസം കുട്ടിമാമനെ ചികില്സിക്കുകയും സ്നേഹിക്കുകയും ചെയ്ത ഒരുപാടു നഴ്സുമാർ ഉണ്ടായിരുന്നു. ഞങ്ങൾക്ക് ഉച്ചക്ക് കുടിക്കാൻ കഞ്ഞിയും കുറച്ച് ആശ്വാസ വാക്കുകളും ആയി വരാറുള്ള ഒരു താത്ത ഉണ്ടായിരുന്നു. ഐ സി യു വിന് മുന്നിൽ കാത്തിരിക്കുന്ന സമയത്തും രാത്രി അതിനു തൊട്ട്‌ അപ്പുറത്തായി രോഗികളുടെ കൂടെ വന്നവർക്ക് കിടക്കാൻ കെട്ടിയ ഷെഡിനുള്ളിൽ വെച്ചും മറ്റും സ്ഥിരം കാണാറുള്ള, സുഖ വിവരം അന്വേഷിക്കാറുള്ള, സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വെക്കാറുള്ള കുറെ ആളുകൾ  ഉണ്ടായിരുന്നു. ഒന്നും പറഞ്ഞില്ലെങ്കിലും ആ ആറുമാസക്കാലം വെറുതെ കണ്ടു മാത്രം പരിചയിച്ച വേറെയും മുഖങ്ങൾ ഉണ്ടായിരുന്നു. അവരെ ഒകെ ഒന്ന് കാണണം, രണ്ടു വാക്കിൽ നമ്മുടെ നന്ദിയും സ്നേഹവും പറയണം എന്നൊക്കെ കരുതിയായിരുന്നു ആ യാത്ര. മനുഷ്യർക്ക് കൊടുക്കാവുന്നതിൽ വെച്ച് ഏറ്റവും വിലയുള്ളത് അതിനൊക്കെ തന്നെയാണ്. ഇത്രയേ ഉള്ളു ജീവിതം എന്നും ഇത്രത്തോളം ഉണ്ട് മനുഷ്യർ എന്നുമെല്ലാം ഞാൻ പഠിച്ചത്, എന്നെ പഠിപ്പിച്ചത് ആ ആശുപത്രി ജീവിതമാണ്. 

ഡ്യൂട്ടിയിൽ അന്ന് ഉണ്ടായിരുന്ന നഴ്സുമാരെ കണ്ടു. അവർ നമ്മളെ ആശ്വസിപ്പിച്ചു. ഒരുപക്ഷെ നമ്മൾ അവരെയും. താത്തയെ അന്ന് കാണാൻ പറ്റിയില്ല. പരിചിതമായ ഇടനാഴികൾ. മുറികൾ. കുട്ടിമാമന്  ബ്ലഡ് കാൻസർ ആയിരുന്നു. എല്ലാ ദിവസവും രാവിലെ ആറരക്ക് രക്തം പരിശോധിക്കും. Platelets കുറവാണെങ്കിൽ പുതിയ മെഡിക്കൽ കോളേജിൽ പോയി അത് വാങ്ങണം. ഒരു പാക്കറ്റിൽ ആണ് അതുണ്ടാവുക. ചില ദിവസങ്ങളിൽ അത് വാങ്ങാൻ ഞാൻ പോവാറുണ്ടായിരുന്നു. ഒരു കുഞ്ഞിനെ പോലെ, ഒരുപക്ഷെ അതിലും ശ്രദ്ധിച്ച്, ഞാൻ ആ പാക്കറ്റുകൾ സൂക്ഷിച്ച് പിടിക്കും. ഏഴാം ക്ലാസ്സിൽ പഠിച്ചിട്ടുണ്ട്, platelets രക്തം കട്ട പിടിക്കാൻ സഹായിക്കുന്നു. പക്ഷെ അപ്പോൾ അറിയില്ലല്ലോ പത്തു വർഷങ്ങൾക്കിപ്പുറം എന്റെ ജീവിതത്തിൽ  അത് അത്രയും വിലപ്പെട്ട ഒരു വസ്തുവായി തീരുമെന്ന്. മെഡിക്കൽ കോളേജിലേക്കുള്ള വഴികൾ കണ്ടപ്പോൾ അതൊക്കെയും ഓർമ വന്നു. 

ഐ സി യു വഴി ആണ് ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയത്. അതിന്റെ മുന്നിൽ എത്തിയപ്പോൾ ഞങ്ങൾ എല്ലാവരും അറിയാതെ നിന്നു. ആ വരാന്തയുടെ അറ്റത്ത് ഉള്ള കസേരകളിൽ ആണ് ഞങ്ങൾ ഇരിക്കാറുള്ളത്. അന്ന് അവിടെ വേറെ ആരൊക്കെയോ ഇരുന്നിരുന്നു. കാത്തിരുന്ന് ആധി കൂടുമ്പോൾ ഇടക്ക് ഞങ്ങൾ കുട്ടിമാമൻ കിടക്കാറുള്ള ഭാഗത്തെ ജനൽ വഴി ഉള്ളിലേക്ക് നോക്കാറുണ്ടായിരുന്നു. ചിലപ്പോൾ ഒകെ തിരിച്ച് കുട്ടിമാമൻ നമ്മളെയും നോക്കും. അല്ലെങ്കിൽ ഉറങ്ങുകയായിരിക്കും. അതോർത്തപ്പോൾ ഞാൻ കുറച്ച്  നേരം അവിടെ നിന്നു. ബാക്കി എല്ലാവരും മുന്നോട്ട് നടന്നു. എനിക്ക് ഹൃദയത്തിൽ വല്ലാത്തൊരു വിങ്ങൽ തോന്നി. പണ്ടത്തെ പോലെ ഇപ്പോൾ ആ ജനലിലൂടെ നോക്കിയാൽ കുട്ടിമാമനെ കണ്ടാലോ. നോക്കണം, നോക്കണം, എന്ന് തോന്നി. പക്ഷെ ആ ചിന്ത എന്റെ യുക്തിയെ കീഴ്പെടുത്തും മുൻപ് ഞാൻ മുന്നോട്ട് വേഗത്തിൽ നടന്നു. കുട്ടിമാമനെ കാണാൻ എന്റെ ഓർമയുടെ ജനൽ മാത്രം മതി എന്ന് പോകെപ്പോകെ ഞാൻ അറിഞ്ഞു. 


Thursday, February 1, 2024

ഇപ്പോൾ ഞാൻ മരിച്ചു പോവുകയാണെങ്കിൽ 

നിന്നോട് പറയാനിരുന്ന വാക്കുകളൊക്കെയും, 

മൗനത്തിന്റെ ഇരുണ്ട ആഴങ്ങളിൽ ചെന്നടിയും,

തരാൻ ഇരുന്ന ചുംബനങ്ങളൊക്കെയും 

തനിച്ച് നിൽക്കുന്ന പൂവരശിന്റെ ചില്ലകളിൽ 

പൂക്കളായി വിടരും, 

നമ്മൾ ഒരുമിച്ച് കാണാൻ ഇരുന്ന സ്വപ്നങ്ങളൊക്കെയും 

രായ്ക്കു രാമാനം അഭയാർഥികളെ പോലെ 

പലായനം ചെയ്യും,

മറവിയുടെ മരുപ്പച്ചകളിലേക്ക്.

പിന്നെ പറയാം പിന്നെ പറയാം എന്ന് 

നിന്നെ കൊതിപ്പിച്ച ആ രഹസ്യം 

എന്റെ ഉള്ളിൽ നിന്ന് പുറത്തു കടക്കാനാവാതെ കരയും,

നിനക്കു പാടി തരാൻ കരുതിയ പാട്ട് 

നിലാവുള്ള രാത്രിയിൽ ഒരു പക്ഷിയായി മാറി 

നിന്റെ കിടപ്പുമുറിയുടെ ജനാലക്കൽ വന്നിരുന്നു പാടും.

മരിച്ചു കഴിഞ്ഞാലാവില്ലേ 

നിനക്കു എന്നോട് കൂടുതൽ സ്നേഹം?

 പ്രിയപ്പെട്ട മിലാൻ, ദു:ഖമുണ്ടാവുമ്പോൾ മാത്രമേ നല്ല എഴുത്ത് എഴുതാൻ കഴിയൂ എന്ന് പണ്ടേ തോന്നിയിട്ടുണ്ട്. എന്താണ് ആ പ്രതിഭാസം? ദുഃഖം വരുമ്പോൾ ന...