അസ്തമയത്തിന്റെ ചുവപ്പ് ഇലകളുടെ പച്ചയില്‍ പടരുകയാണ്. പുല്ലു മൂടിയ ഇടവഴികളില്‍ പകല്‍ മറന്നു വെച്ച സ്വപ്നത്തെ പോലെ പോക്കുവെയില്‍ വീണു കിടന്നു. ജീവിതത്തിനു എത്ര നിറങ്ങളാണ് ! സന്ധ്യയുടെ ചുവപ്പ് , രാത്രിയുടെ കറുപ്പ് , പകലിന്റെ വെളുപ്പ്........ ! ആശുപത്രിക്കിടക്കയുടെ ചുളിവുകള്‍ക്കു പച്ച നിറമായിരുന്നു. ആ കിടക്കവിരിയില്‍ , ചിതറിയ നരച്ച മുടിയിഴകളോടെ , അവള്‍ മലര്‍ന്ന് കിടന്നത് അയാളോര്‍ത്തു. അവളുടെ വിളറിയ കൈകള്‍ തന്റെ തണുത്ത , വിറങ്ങലിച്ച കൈപ്പത്തികളില്‍ ഒരു പക്ഷിക്കുഞ്ഞിന്റെ തൂവലുകളെ പോലെ ഒതുക്കിക്കൊണ്ട് അവള്‍ പറഞ്ഞു.
“ നമുക്കു ഒരിക്കല്‍ കൂടി പോകണം . എന്നിട്ടു പഴയതു പോലെ മണ്ണപ്പം ചുടണം , ഊഞ്ഞാലാട്ടണം..... കൊത്താങ്കല്ലു കളിക്കണം...” അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു. ചിതലു തിന്ന കഴുക്കോലില്‍ വിരല്‍ തട്ടുമ്പോഴുണ്ടാകുന്ന ശബ്ദത്തെപ്പോലെ.
“ പോകാം... ആദ്യം ഈ അസുഖം ഒന്നു മാറട്ടെ “
അയാള്‍ പറഞ്ഞു. അവള്‍ ആ കിടക്ക വിട്ടു ഇനിയൊരിക്കലും എഴുന്നേല്‍ക്കുകയോ, പഴയതു പോലെ വായിക്കാനായി താന്‍ പുസ്തകം നിവര്‍ത്തുമ്പോള്‍ പിറകിലൂടെ വന്നു കണ്ണട ചെവികള്‍ക്കിടയില്‍ തിരുകിക്കൊടുക്കുകയോ, കീറിയ ലുങ്കി തുന്നികൊടുക്കുകയോ, വിറക്കുന്ന കൈകള്‍ കൊണ്ട് ചായ തിളപ്പിക്കുകയോ ചെയ്യില്ലെന്ന് പൂര്‍ണ ബോദ്ധ്യമുണ്ടായിരുന്നിട്ടും അയാള്‍ പറഞ്ഞു.
“ നമുക്കു പോകാം.”
ചാരുകസേരയിലുരുന്ന് ഓരോന്നോര്‍ക്കുമ്പോഴാണ് ജനാലയിലൂടെ വെളിയിലേക്കു നോക്കിയതു. അകലെ തെങ്ങിന്‍ തോപ്പുകള്‍ക്കുമപ്പുറം നീലാകാശത്തിന്റെ നുറുങ്ങുകള്‍ കാണാം . മഴനൂലുകള്‍ വെയിലിന്റെ ചുമരുകളില്‍ വരഞ്ഞു വെച്ച മഴവില്‍ചിത്രങ്ങള്‍ കാണാം . കനത്ത നിഴലുകള്‍ വീണു കിടന്ന തൊടിയുടെ നനഞ്ഞ മണ്ണില്‍ പഴുത്ത ചീഞ്ഞ ചക്കകള്‍ കാണാം. അണ്ണാനും, കിളികളും, ഉറുമ്പുകളും, അവ പകുത്തെടുക്കുന്നു. പിന്നേയും അവശേഷിക്കുന്നവ വെറുതെ അഴുകിപ്പോകുന്നു.
അവള്‍ ഉണ്ടായിരുന്നുവെങ്കില്‍ പഴുത്ത ചക്കകള്‍ ഒരിക്കലും പാഴായിപ്പോവില്ലായിരുന്നു. അയാള്‍ ഓര്‍ത്തു. ‘പത്തായപ്പുരയിലെ തുരുമ്പെടുത്ത സൈക്കിളിനു പിറകില്‍ , അരയില്‍ തിരുകിയ കത്തി കൊണ്ട് അരിഞ്ഞു വീഴ്ത്തിയ ചക്കകള്‍ ചൂടിക്കയറുകൊണ്ട് വരിഞ്ഞു കെട്ടും. എന്നിട്ടു അവ അടുക്കളമുറ്റത്തേക്കു കൊണ്ടു വരും. പിന്നെ തയ്യാറെടുപ്പുകളാണ്. മുളഞ്ഞു ചുറ്റാന്‍ മെലിഞ്ഞ ഒരു കമ്പ്, ഇരിയ്ക്കാന്‍ മരപ്പലക, കുരു എടുത്തു വെയ്ക്കാന്‍ കഴുകി വ്രിത്തിയാക്കിയ പാളക്കഷ്ണം, സ്വര്‍ണ്ണനിറത്തിലുള്ള ചുളകള്‍ നിറച്ചു വെയ്ക്കാന്‍ ഒരു അലുമിനിയച്ചെമ്പ്..’
മൂക്കിലെ കട്ടിക്കണ്ണട അമര്‍ത്തിവെച്ച് കറുത്ത, വീതി കുറഞ്ഞ കരയുള്ള വേഷ്ടിത്തുമ്പ് അരയില്‍ തിരുകി, ചുവന്ന മണ്ണിന്റെ നനവിലിരുന്നു അവള്‍ ചുളകള്‍ പറിക്കുമായിരുന്നു. ചക്ക കൊണ്ടുണ്ടാക്കുന്ന പലഹാരങ്ങളും വെന്ത ചേന കുത്തുയുടച്ചതും മാത്രം കഴിച്ചു വിശപ്പകറ്റിയിരുന്ന ഒരു കാലവും ഉണ്ടായിരുന്നു.
‘പുറമെ പ്രതിഷേധത്തിന്റെ മുള്ളുകളുള്ള അകം മിനുത്ത ചക്കകള്‍ ! അവളെപ്പോലെ ജീവിതത്തിന്റെ മാധുര്യം മുഴുവനും മറ്റു ജീവിതഞ്ഞള്‍ക്കു പകര്‍ന്നു കൊടുത്ത് ഒടുവില്‍ അവഗണിക്കപ്പെടുന്ന പരിഹസിക്കപ്പെടുന്ന വെറും ചക്കകള്‍ !‘
ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഓര്‍മകളെ തനിച്ചാക്കി അയാള്‍ പൂമുഖത്തേയ്ക്കു ചെന്നത്. പക്ഷെ ആരെയും കാണുകയുണ്ടായില്ല. കാറ്റായിരിക്കണം.
മുറ്റത്ത് വിരിച്ചിട്ടിരുന്ന പുല്പായയില്‍ പയറുകൊണ്ടാട്ടം ഉണക്കാനിട്ടിട്ടുണ്ട്. ഇപ്പോള്‍ അവളുടെ ജോലികള്‍ ഏറ്റെടുത്തിരിക്കുന്നത് അയല്‍ വീട്ടിലെ അല്പം പ്രായം കുറഞ്ഞ ഒരു സ്ത്രീയാണ്. അവര്‍ കൊണ്ടാട്ടം ഉണക്കാനിടും, മുണ്ട് അലക്കിക്കൊടുക്കും, വെള്ളം തിളപ്പിക്കും, പക്ഷെ ചക്ക മുറിക്കില്ല.
മുറ്റത്തേയ്ക്കു ഇറങ്ങിച്ചെന്ന് ഒരു കൊണ്ടാട്ടം കൈയില്‍ എടുത്തു പിടിച്ചുവെങ്കിലും കഴിക്കാന്‍ തോന്നിയില്ല. ആരോ വിലക്കുന്നതു പോലെ. മനസ് നികത്തപ്പെടാത്ത നഷ്ടങ്ങളെയോര്‍ത്ത് അസ്വസ്തമാകുന്നു. പണ്ടായിരുന്നുവെങ്കില്‍ എത്ര ഒളിച്ചു കഴിക്കാന്‍ ശ്രമിച്ചാലും എവിടെനിന്നെങ്കിലും അവള്‍ വിളിച്ചുചോദിക്കും ‘കഴിഞ്ഞ തവണ ബി പി ചെക്ക് അപ് നടത്തിയപ്പോള്‍ ഡോക്റ്റര്‍ എന്തു പരഞ്ഞുവെന്നും മറ്റും മറ്റും.’ ഇപ്പോല്‍ സ്വാതന്ത്ര്യമുണ്ട്..പക്ഷെ രുചിയില്ല....
ഒടുവില്‍ ഒരു പരാജിതനെപ്പോലെ ഇടനാഴിയുടെ ഇരുട്ടിലേയ്ക്കു സ്വയം ആഴ്ന്നിറങ്ങി. ചുമരിനോട് ചേര്‍ത്തിട്ടിരുന്ന അലമാരയ്ക്കു മുകളിലെ മുടി പിന്നിയിട്ട പാവ അയാളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അവളുണ്ടാക്കിയതാണ്...ചിരിക്കുന്ന ആ പാവയെ. കോസറിവിരിക്കുള്ളില്‍ പഞ്ഞി നിറച്ച്, നീലസ്സാരി കൊണ്ട് പാവാട ഞൊറിഞ്ഞ്, കണ്ണെഴുതിച്ച്, മുടി പിന്നിയിട്ട്...
കുട്ടികള്‍ ഉണ്ടാവാതിരുന്നതു നന്നായെന്നു അവള്‍ പലപ്പൊഴും പറയുമായിരുന്നു. പിന്നീട് അയാളും അതു തന്നെ വിശ്വസിച്ചു. എങ്കിലും അയാളില്ലെന്നു കരുതി നനഞ്ഞ കണ്ണുകളോടെ അവള്‍ ആ പാവയെ മാറോടടുപ്പിക്കുന്നതു അയാള്‍ എത്രയോ തവണ കണ്ടിട്ടുള്ളതാണ്. അവളില്ലാത്ത നേരങ്ങളില്‍ താന്‍ ആ പാവയുടെ നെറ്റിയില്‍ തലോടാറുള്ളത് അവള്‍ എപ്പൊഴെങ്കിലും കണ്ടിരുന്നുവൊ എന്നു സംശയിച്ചുകൊണ്ട് അയാള്‍ ചാരുകസേരയിലേയ്ക്കു ചാഞ്ഞിരുന്നു. നനഞ്ഞ കണ്ണടകള്‍ ഊരിയെടുത്തു.
പഴുത്ത ചക്ക മുറിക്കുന്ന ശബ്ദം കേട്ടാണു ഉണര്‍ന്നത്. മുറി നിറയെ പഴുത്ത ചക്കയുടെ സുഗന്ധം! നനയുന്ന കണ്ണുകളോടെ അയാള്‍ ജനാലയ്ക്കു പുറത്തേയ്ക്കു നോക്കി. തൊടിയിലെ പ്ലാവില്‍ കാലം തെറ്റി കായ്ച്ച ചക്കകള്‍ അപ്പൊഴും മണ്ണിന്റെ നനവിലേയ്ക്ക് അടര്‍ന്നു വീണുകൊണ്ടിരുന്നു.